
മസ്കത്ത്: അൽ ബാത്തിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 12 മുതൽ 15വരെ
നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒമാനി- അന്തർദേശീയ ഹ്രസ്വ വിവരണ ചലച്ചിത്ര മത്സരം, ഒമാനി- അന്താരാഷ്ട്ര ഷോർട്ട് ഡോക്യുമെന്ററി ഫിലിം മത്സരം തുടങ്ങിയ നിരവധി മത്സരങ്ങളും ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കും. ഡോക്യുമെന്ററികൾ നിർമിക്കുന്നതിൽ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒമാനിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയും പുതിയ മത്സരം ഇത്തവണയുണ്ടാകും.
സംസ്കാരവും മാനുഷിക മൂല്യങ്ങളും വർധിപ്പിക്കുന്നതിൽ സംഭാവന ചെയ്യുന്ന ഡോക്യുമെന്ററികളാണ് ഇതിൽ പരിഗണിക്കുന്നത്. സൗത്ത് ബാത്തിന ഗവർണറുടെ ഓഫിസും ഒമാനി ഫിലിം അസോസിയേഷനും സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യുവാക്കൾക്ക് ചലച്ചിത്ര മേഖലയെ പരിചയപ്പെടാനുള്ള മികച്ച അവസരവും അന്താരാഷ്ട്ര സിനിമ അനുഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള വേദിയുമായാണ് മേള രൂപപ്പെടുത്തിയിട്ടുള്ളത്. മേളയിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സിനിമ, ഡോക്യുമെന്ററികൾ ഫെസ്റ്റിവൽ വെബ്സൈറ്റ് വഴി ഒക്ടോബർ ഒന്നുവരെ സമർപ്പിക്കാം.