
മസ്കത്ത്: ജബൽ അൽ അഖ്ദർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ശനിയാഴ്ച സമാപിച്ചു. ഇത്തവണ 60,000 പേരാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഫെസ്റ്റിവൽ കാണാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനുമായി എത്തിയത്. ആഗസ്റ്റ് മൂന്നിന് ആരംഭിച്ച ഫെസ്റ്റിവൽ 17 ദിവസമാണ് നീണ്ടുനിന്നത്. ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹകരണത്തോടെ അൽ-ദാഖിലിയ ഗവർണറേറ്റിൽ സംഘടിപ്പിച്ച ഫെസ്റ്റിവൽ പ്രകൃതിസൗന്ദര്യത്തിന്റെ ആഘോഷവും വ്യതിരിക്തമായ വിനോദാവസരങ്ങളാൽ സമ്പന്നവുമായിരുന്നു.
ടൂറിസം പ്രോത്സാഹനത്തിന് ഫെസ്റ്റിവൽ ഫലപ്രദമായിരുന്നുവെന്നും ഇതുവഴി ജബൽ അൽ അഖ്ദർ പ്രദേശത്തെ നിരവധി സേവന വികസന പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞതായും ദാഖിലിയ ഗവർണറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ജനറൽ അഹ്മദ് ബിൻ സാലിം അൽ താബി പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായ അതോറിറ്റിയുടെ സജീവ പങ്കാളിത്തം വഴി ഇത്തവണ ഫെസ്റ്റിവലിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെ എണ്ണം 34 ആയി. വരുംവർഷങ്ങളിൽ സേവനങ്ങളും പരിപാടികളും കൂടുതൽ വികസിപ്പിക്കാൻ ഗവർണറേറ്റിന് താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറെ പ്രസിദ്ധമായ ജബൽ അൽ അഖ്ദറിൽ ജനുവരി മുതൽ ജൂൺ വരെയെത്തിയ ആകെ സന്ദർശകർ 79,038 പേരാണ്. ഫെസ്റ്റിവൽ പൂർത്തിയായതോടെ ഈ വർഷത്തെ സന്ദർശകരുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. ഫെസ്റ്റിവലിനോടനുബന്ധിച്ച് അതിശയിപ്പിക്കുന്ന കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന പ്രകൃതിഭംഗിയും നിറഞ്ഞ പുരാതന ഗ്രാമമായ അൽ സൗജറ ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരികൾക്ക് തുറന്നുനൽകുകയും ചെയ്തിരുന്നു.