മസ്കത്ത്: ജീവിത നിലവാരത്തിൽ ഏഷ്യയിൽ ഒന്നാമതെത്തി ഒമാൻ സുൽത്താനേറ്റ്. ആഗോള തലത്തിൽ ജീവിതച്ചെലവുകൾ വിശകലനം ചെയ്ത് ‘നംബിയോ’ വെബ്സൈറ്റ് പുറത്തുവിട്ട അർധവാർഷിക റിപ്പോർട്ടിലാണ് ഒമാൻ സുൽത്താനേറ്റ് ഒന്നാമതെത്തിയത്. ആഗോളതലത്തിൽ ഏഴാം സ്ഥാനമാണ് സുൽത്താനേറ്റ് നേടിയത്.
ഒരു പ്രത്യേക രാജ്യത്തോ നഗരത്തിലോ താമസിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തൽ അടിസ്ഥാനമാക്കിയാണ് ജീവിതനിലവാര സൂചിക തയാറാക്കുന്നത്. സൂചികയിൽ 184.8 പോയന്റ് സ്കോർ ചെയ്താണ് ഒമാൻ മറ്റ് ഏഷ്യൻ രാജ്യങ്ങളെ മറികടന്ന് മുന്നിലെത്തിയത്.
താമസക്കാർക്കും പ്രവാസികൾക്കും ഒരുപോലെ അനുയോജ്യമായ ലക്ഷ്യസ്ഥാനമെന്ന നേട്ടം ഇതിലൂടെ രാജ്യം സ്വന്തമാക്കി. വാങ്ങൽ ശേഷി, മലിനീകരണ തോത്, താങ്ങാനാവുന്ന പാർപ്പിട വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, യാത്രാസമയം, കാലാവസ്ഥ സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ രാജ്യത്തിന്റെ ഉയർന്ന റാങ്കിന് കാരണമായി.
ലക്സംബർഗ്, നെതർലൻഡ്സ്, ഐസ്ലൻഡ്, ഡെന്മാർക്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് രാജ്യങ്ങളാണ് ആഗോളതലത്തിൽ യഥാക്രമം ആദ്യ ആറു സ്ഥാനങ്ങളിൽ ഇടം നേടിയത്. ഈ രാഷ്ട്രങ്ങൾ അവരുടെ ശക്തമായ സാമൂഹികക്ഷേമ സംവിധാനങ്ങൾ, ശക്തമായ സമ്പദ്വ്യവസ്ഥ, ഉയർന്ന ജീവിതനിലവാരം എന്നിവയിൽ നേരത്തേ തന്നെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഒമാന്റെ ശ്രദ്ധേയ നേട്ടം പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്തിയതിനുള്ള അംഗീകാരം കൂടിയാണ്.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയത് ജീവിതനിലവാര സൂചികയിലെ ഉയർച്ചക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.