ഗർഭാവസ്ഥ ശിശുവിന് ട്യൂമർ ; വിജയകരമായി ശസ്ത്രക്രിയ നടത്തി ഒമാൻ മെഡിക്കൽ സംഘം

മസ്‌കത്ത്: ഗർഭാവസ്ഥ ശിശുവിന് ബാധിച്ച ട്യൂമർ നീക്കം ചെയ്ത് റോയൽ ഹോസ്പിറ്റലിലെയും അൽ നഹ്ദ ഹോസ്പിറ്റലിലെയും പ്രത്യേക മെഡിക്കൽ സംഘം. രണ്ട് ആശുപത്രികളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളിലെ കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സിങ് സ്റ്റാഫ്, ഇഎൻടി (ചെവി, മൂക്ക്, തൊണ്ട) എന്നീ വിഭാഗങ്ങളിലെ സംഘം സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.

ഗർഭസ്ഥ ശിശുവിന്റെ തല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം വെന്റിലേറ്റർ ട്യൂബ് ഘടിപ്പിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്ന് റോയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ഷംസ മുഹമ്മദ് അൽ ഹിനായ് പറഞ്ഞു.

ജനന ശേഷം, കുഞ്ഞിനെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് (ICU) മാറ്റിയതായും അവിടെ കുഞ്ഞ് സുഖം പ്രാപിക്കുന്ന സൂചനകൾ കാണിച്ചതായും അവർ വ്യക്തമാക്കി.

ഏകദേശം ഒരു മാസത്തോളം കുഞ്ഞിന് ശരിയായ പരിചരണം നൽകിയതായും ആ സമയത്തിന് ശേഷം, കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് (ICU) മാറ്റിയതായും അവർ പറഞ്ഞു. അതോടൊപ്പം എൻഡോക്രൈനോളജി വിഭാഗം മാസം തോറും കുഞ്ഞിന്റെ അവസ്ഥ പരിശോധിക്കുന്നത് തുടർന്നതായും അവർ കൂട്ടിച്ചേർത്തു.