
സലാല: ദോഫാർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ, ഗോതമ്പ് ഉൽപ്പാദന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 40 ഉപഭോക്തൃ ഉടമ്പടികളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവച്ചു.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പരിപാടികളുടെ ഭാഗമായാണ് കരാറുകളിൽ ഒപ്പ് വെച്ചത്.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സെയ്ദിന്റെയും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയുടെയും സാന്നിധ്യത്തിൽ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സെയ്ദ് അൽ ഷുവൈലിയാണ് കരാറുകളിൽ വെച്ചത്.
ദോഫാർ ഗവർണറേറ്റിലെ അൽ നജ്ദ് കാർഷിക ജില്ലയിൽ 28 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്ത് ഗോതമ്പ് കൃഷി ചെയ്യുന്നതിനായി 5.5 ദശലക്ഷം ഒമാൻ റിയാൽ മൂല്യമുള്ള 37 കരാറുകൾ ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം സലാലയിലെയും ബർകയിലെയും വിലായത്തുകളിൽ ടിഷ്യു കൾച്ചർ, പ്ലാന്റ് നഴ്സറികൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കരാറുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 93,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 3.5 മില്യൺ ഒമാൻ റിയാലിന്റെ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്.
അൽ നജ്ദ് അഗ്രികൾച്ചറൽ ഏരിയ ഡെവലപ്‌മെന്റ് ഓഫീസുമായി ബന്ധിപ്പിച്ചിട്ടുള്ള കൃഷിഭൂമികളിലെ നിക്ഷേപങ്ങൾക്കായി 2023-ൽ ഏകദേശം 1,050,000 ഒഎംആർ മൂല്യമുള്ള 30 ഉപഭോക്തൃ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.