ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കാനൊരുങ്ങി സലാം എയർ

ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കുന്നു. ഫുജൈറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ മാസം കമ്പനി സർവിസ് ആരംഭിച്ചിരുന്നു.

ഒക്ടോബർ രണ്ടു മുതലാണ് ഫുജൈറ എയർപോർട്ടിൽനിന്നു കോഴിക്കോട്ടേയ്ക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴിയാണ് സർവിസ് നടത്തുക. കേരളത്തിനു പുറമെ ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്കും കമ്പനി സർവിസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നും ആണ് സർവിസ്. അന്നേ ദിവസം വൈകീട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കും.

തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പതിനും വൈകീട്ട് 8.15നുമാണ് സർവിസ്. കുറഞ്ഞ വിമാന നിരക്കും 40 കിലോ ലഗ്ഗേജും അനുവദിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലും മറ്റു എമിറേറ്റ്സുകളിലുമുള്ള യാത്രക്കാർ സലാം എയറിനെയാണ് ആശ്രയിക്കുന്നത്.