
മുംബൈ: ഇന്ത്യയിലെ മുംബൈയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പതിനൊന്നാമത് പതിപ്പിൽ മൂന്ന് ഒമാനി ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സെപ്റ്റംബർ പത്തിനാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്.
അബ്ദുല്ല അൽ അജ്മി സംവിധാനം ചെയ്ത ‘അൽ മന്യൂർ’ എന്ന ചിത്രവും ദലീല അൽ ദാരെ സംവിധാനം ചെയ്ത ‘അൽ മകാസറ’, ‘ഹഷഫ്’ എന്നീ സിനിമകളുമാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.
ഒമാനി അൽ സമത് കലയെ കുറിച്ചാണ് അൽ മനിയൂർ എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നത്. അതേസമയം കച്ചവടക്കാരും ഉപഭോക്താക്കളും വിലപേശുകയും സാധനങ്ങളുടെ വില നിശ്ചയിക്കുകയും ചെയ്യുന്ന നിസ്വ സൂഖ് ആചാരം അൽ മകാസറ എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നു.
ഒമാനി പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ഒമാനി ഖഞ്ചർ (കഠാരി) ആണ് അൽ മകാസറ സിനിമയുടെ പ്രധാന കേന്ദ്രം.
ഒമാനിയിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന ഒരു സ്ത്രീയും അവരുടെ ജീവിതരീതിയെ നാട്ടുകാർ എങ്ങനെ ഉയർത്തിപ്പിടിക്കുന്നുവെന്നുമാണ് ഹഷഫ് എന്ന സിനിമ പറയുന്നത്.
അന്താരാഷ്‌ട്ര ഫെസ്റ്റിവലുകളിലെ പങ്കാളിത്തം വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് അറിയുന്നതുൾപ്പെടെയുള്ള മറ്റ് അനുഭവങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കുമെന്ന് ഡയറക്ടർ മുഹമ്മദ് അൽ അജ്മി പറഞ്ഞു.
അന്താരാഷ്ട്ര പരിപാടികളിൽ ഒമാൻ പങ്കെടുക്കുന്നത് സുൽത്താനേറ്റിന്റെ പൈതൃകം പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.