റാസൽഖൈമ- മുസന്തം ബസ് സർവീസ് ആരംഭിക്കുന്നു

യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രമായ മുസന്തത്തിലേക്കുള്ള ബസ് സർവീസ് ആരംഭിക്കുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് 50 ദിർഹമാണ്. ഈ മാസം ആറ് മുതലാണ് സർവീസ് ആരംഭിക്കുന്നത്.

റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഒമാനിലെ മുസന്തത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽ നിന്ന് മുസന്തത്തേക്ക് ബസ് പുറപ്പെടും.

അതേസമയം ഖസബ് വിലായത്തിൽ നിന്ന് റാസൽഖൈമയിലേക്കും ബസ്സ് സർവീസുണ്ടാകും. അമ്പത് ദിർഹം നിരക്കിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുത്ത് യു എ ഇക്കും ഒമാനുമിടയിൽ യാത്ര ചെയ്യാം. അതോറിറ്റിയുടെ വെബ്സൈറ്റ്, അതോറിറ്റിയുടെ ബസ് മൊബൈൽ ആപ്ലിക്കേഷൻ, റാസൽഖൈമ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകും. റാസൽഖൈമ മെയിൻ ബസ് സ്റ്റേഷന് പുറമെ, അൽറംസ്, ശാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.