
സലാല: ഒമാനിൽ തേജ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുന്നു. കാറ്റ് യമൻ തീരത്തേക്ക് നീങ്ങുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ കാറ്റും മഴയും തുടരുമെന്നും ജാഗ്രത വേണമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ കാറ്റഗറി ഒന്നിൽ വീശുന്ന ചുഴലിക്കാറ്റ് വൈകാതെ ശക്തി കുറയും. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ രാവിലെയോ യമനിലെ അൽ മഹ്‌റ ഗവർണറേറ്റിൽ തീരം തൊടാനാണ് സാധ്യത. നിലവിൽ കാറ്റിന്റെ വേഗത 120 കിലോമീറ്ററാണ്. ദോഫാർ ഗവർണറേറ്റിലും അൽ വുസ്തയിലും കാറ്റും മഴയും തുടരുമെന്നും അതിനാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ചുഴലിക്കാറ്റിന്റെ ചെറിയ പ്രത്യാഘാതങ്ങൾ ഇന്നലെ വൈകിട്ടോടെ സലാലയിൽ ആരംഭിച്ചിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു എല്ലായിടത്തും. എന്നാൽ ടൗണിലോ പരിസരത്തോ കനത്ത മഴയോ ശക്തമായ കാറ്റോ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ചില വിലായത്തുകളിൽ കനത്ത മഴ പെയ്തിട്ടുണ്ട്. തേജിന്റെ ഭാഗമായി ഒമാന്റെ മിക്ക ഗവർണറേറ്റുകളിലും മഴ ലഭിച്ചിട്ടുണ്ട്. ഇതുവരെ വലിയ നാശ നഷ്ടങ്ങൾ ഉണ്ടായതായി എവിടെ നിന്നും റിപ്പോർട്ടുകളില്ല. സിവിൽ ഡിഫൻസും ശക്ൾതമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സ്വദേശികളെയു പ്രവാസികളെയും കനത്ത ആശങ്കയിലാഴ്ത്തിയ തേജ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ വരുത്താതെ മാറിപ്പോകുന്ന ആശ്വാസത്തിലാണ് സലാല നിവാസികൾ.