
മസ്‌കറ്റ്: അടുത്ത രണ്ട് വർഷത്തിനുള്ളിൽ സിംഗിൾ ഗൾഫ് ടൂറിസ്റ്റ് വിസ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. പ്രാദേശിക വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനിൽ നടന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം, വരാനിരിക്കുന്ന ജിസിസി ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ഇതിന്റെ റോൾ ഔട്ട് ഏകകണ്ഠമായി അംഗീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-നും 2025-നും ഇടയിൽ പ്രതീക്ഷിക്കുന്ന റോൾ-ഔട്ടിനായി വിസയ്‌ക്കായുള്ള പ്രത്യേക നിയന്ത്രണങ്ങളും നിയമനിർമ്മാണങ്ങളും വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, ഇത് ഓരോ ജിസിസി രാജ്യത്തിന്റെ ആഭ്യന്തര സംവിധാനങ്ങളുടെയും സന്നദ്ധതയ്ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയ്ക്കുള്ളിലെ യാത്ര ലളിതമാക്കുന്നതിനും എല്ലാ ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.