ഒമാനിൽ വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഉള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനാവില്ല

ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർ​ രാജ്യത്ത്​ നിന്ന്​ പുറത്തുപോയി പുതുക്കേണ്ടി വരും.

താൽകാലികമായാണ്​ ഇങ്ങനെ നിർത്തിവെച്ചിരിക്കുന്നത്​ എന്നാണ്​ അറിയുന്നത്​. ബംഗ്ലാദേശ് രാജ്യത്തുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്​. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അതേസമയം, നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. അതേസമയം, പുതിയ തീരുമാനത്തിന്​ പിന്നിലുള്ള കാരണമെന്താണെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടില്ല.