
മസ്കത്ത് – വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം എല്ലാ ഇന്ധന സ്റ്റേഷനുകളിലും ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ചാർജിംഗ് പോയിന്റുകൾ നൽകണമെന്ന വ്യവസ്ഥ നിർബന്ധമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ക്വൈസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫാണ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്.
അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ നൽകുന്ന ആവശ്യകതകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി വാഹനങ്ങൾക്ക് ഇലക്ട്രിക് ചാർജിംഗ് പോയിന്റ് നൽകാൻ വാണിജ്യ ഇന്ധന സ്റ്റേഷനുകളുടെ ഉടമകൾ ബാധ്യസ്ഥരാണെന്ന് തീരുമാനം വ്യവസ്ഥ ചെയ്യുന്നു.
എല്ലാ ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന പൊതു സൗകര്യങ്ങളായ ബാത്ത്റൂമുകളും സ്റ്റേഷന്റെ സ്ഥാനത്തിന് ആവശ്യമായ മറ്റ് സേവനങ്ങളും ഒരുക്കാൻ മാർക്കറ്റിംഗ് കമ്പനി ബാധ്യസ്ഥരാണെന്നും തീരുമാനത്തിൽ പറയുന്നു.
ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ, ആദ്യ ലംഘനത്തെക്കുറിച്ചുള്ള രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ 1,000 ഒമാൻ റിയാൽ അഡ്മിനിസ്‌ട്രേറ്റീവ് ഫൈൻ വരെ ഈ തീരുമാനം വ്യവസ്ഥ ചെയ്യുന്നു.
നവംബർ 2-ന് പുറപ്പെടുവിച്ച തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
സുൽത്താനേറ്റിലുടനീളം 100 ഇവി ചാർജിംഗ് സ്റ്റേഷനുകളുണ്ടെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 300 ആയി ഉയർത്താൻ ശ്രമിക്കുന്നുണ്ടെന്നും ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.