
മസ്‌കത്ത്: വ്യാഴാഴ്ച മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആദ്യം കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച മുസന്ദത്തെ ബാധിക്കുമെന്നും ക്രമേണ വാരാന്ത്യത്തിൽ ബുറൈമി, നോർത്ത് ബത്തിന, സൗത്ത് ബതിന, ദാഹിറ, ദഖ്‌ലിയ, മസ്‌കറ്റ് ഗവർണറേറ്റുകളിലേക്ക് വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ശനി, ഞായർ ദിവസങ്ങളിൽ വടക്കൻ ശർഖിയയിലും തെക്കൻ ശർഖിയയിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഈ പ്രവചനങ്ങളുടെ വെളിച്ചത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു. താഴ്ന്ന പ്രദേശങ്ങളിലേക്കും വാദികളിലേക്കും പോകരുതെന്നും നീന്തുകയോ ജലാശയങ്ങൾ മുറിച്ചുകടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.