മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാൻ 53-ാം ദേശീയദിനം പൊലിമ ഇല്ലാതെ ആഘോഷിച്ചു. ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ ആഘോഷങ്ങൾ കുറച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നടന്ന സൈനിക പരേഡിലും പതാക ഉയർത്തലിലും ഔദ്യോഗിക ആഘോഷ പരിപടികൾ പരിമിതപെടുത്തി. ഒമാന്റെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡ് ദാഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്നു.
പരേഡ് ഗ്രൗണ്ടിലെത്തിയ സുൽത്താനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴക്കി. സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സൈനിക പരേഡിൽ സ്വീകരിച്ചു.സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന് ശേഷമുള്ള മൂന്നാമത്തെ പരേഡാണ് നടന്നത്. രാജകുടുംബത്തിലെ അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാൻമാർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, മറ്റ് സൈനിക, സുരക്ഷ വകുപ്പുകളുടെ കമാൻഡർമാർ തുടങ്ങിയവർ പെങ്കടുത്തു. ഫലസ്തീനിലെ സഹോദരങ്ങൾക്ക് പ്രാർഥനയും പിന്തുണയുമായാണ് ഇത്തവണത്തെ ആഘോഷമെന്ന് സ്വദേശികളും വിദേശികളും പറഞ്ഞു.