മസ്കത്ത്: ഒമാനിൽ മലിനജലത്തിൽ നിന്ന് ബയോഗ്യാസ് നിർമിക്കാനുള്ള പദ്ധതി നാമാ വാട്ടർ ആവിഷ്കരിച്ചു. വിഷൻ 2040ൻറെ ഭാഗമായി രാജ്യത്തിന് സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. മലിനജലത്തിൽ നിന്നുള്ള നിരവധി പദ്ധതികളും ഇതോടൊപ്പം ആവിഷ്കരിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റിയുടെ മലിന ജലത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കൽ, ജൈവ മാലിന്യ വൈദ്യുത പദ്ധതി ഉപയോഗിച്ച ഭക്ഷ്യ ഉൽപന്നങ്ങളിൽനിന്നു ഇന്ധനം ഉൽപാദിപ്പിക്കൽ, കാർഷിക എണ്ണകളിൽനിന്നു ഏവിയേഷൻ എണ്ണ ഉൽപാദിപ്പിക്കൽ എന്നിവയിതിലുൾപ്പെടും. ബയോഗ്യാസ് നിർമാണത്തിന് നിരവധി ഘട്ടങ്ങളുണ്ടെന്നും ഓക്സിജൻ ഇല്ലാതെ ബയോ മെറ്റീരിയൽ വേർതിരിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഗ്രീൻ ഏവിയേഷൻ എണ്ണ ഉൽപാദനംവരെ ഉണ്ടാക്കാനുള്ള കഴിവ് ഈ നീക്കം കാരണമുണ്ടാവും. കാർബൺഡയോക്സൈഡിൻറെ അംശം കുറഞ്ഞ ഏവിയേഷൻ ഇന്ധനവും ഇതിലുൾപ്പെടും. പദ്ധതി വളരെ ചിലവ് കൂടിയതാണെങ്കിലും മലിനജലവുമായി ബന്ധപ്പെട്ട ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. പദ്ധതികൾ നടപ്പാക്കാനുള്ള സാധ്യതാപഠനമാണ് നാമാ വാട്ടർ ഇപ്പോൾ നടത്തുന്നത്.
ബയോഗ്യാസും ബയോ എണ്ണകളും ഉൽപാദിപ്പിക്കാനുള്ള നീക്കങ്ങൾ നാമാ വാട്ടറിന് വരുമാനം വർധിപ്പിക്കാൻ സഹായിക്കും. നിലവിൽ മാലിന്യത്തിൽനിന്നു ശുദ്ധീകരിച്ചെടുത്ത ജലവും ശുദ്ധീകരിച്ച മാലിന്യത്തിൽനിന്നുള്ള വളവും നാമക്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. ഒമാനിൽ സലാല ഒഴികെ 60 മലിനജല ശുദ്ധീകരണപ്ലാന്റുകളാണ് നാമക്കുള്ളത്. ദിവസവും മലിന ജലത്തിൽനിന്ന് 30,0000 ഘന മീറ്റർ ജലമാണ് ഈ പ്ലാന്റുകളിൽ നിന്നും ഉൽപാദിപ്പിക്കുന്നത്.