
മസ്കത്ത്: 13ാമത് ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി 10ന് തുടങ്ങുമെന്ന് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം (എം.സി.എസ്.വൈ) അറിയിച്ചു. പ്രശസ്തരായ അന്തർദേശീയ താരങ്ങൾ മത്സരത്തിൻറെ ഭാഗമാകും. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെയായിരിക്കും മത്സരങ്ങൾ നടക്കുക.
മത്സരത്തിൻറെ റൂട്ടുകൾ തീരുമാനിക്കുന്ന കാര്യങ്ങൾ സംഘാടകർ ആരംഭിച്ചിട്ടുണ്ട്. ഘട്ടങ്ങളുടെ റൂട്ടുകളും ദൂരവും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് ടൂർ ഇത്തവണയും ഉണ്ടാകും. കഴിഞ്ഞ വർഷമാണ് ഇത് ആരംഭിച്ചത്.
യൂറോപ്പ്, ഏഷ്യ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 18 പ്രമുഖ അന്താരാഷ്ട്ര ടീമുകൾ പങ്കെടുത്ത മുൻ വർഷത്തെക്കാൾ 2024ൽ കൂടുതൽ ടീമുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.