യൂറോപ്പിലേക്കുള്ള സർവീസ് കുറയ്ക്കാനൊരുങ്ങി ഒമാൻ എയർ

സൂറിക്: ഏപ്രിലിൽ ആരംഭിക്കുന്ന സമ്മർ ഷെഡ്യുളിൽ ഒമാൻ എയർ യൂറോപ്പിലേക്കുള്ള സർവീസുകൾ വെട്ടികുറയ്ക്കുന്നതായി ഏവിയേഷൻ ഡിറെക്ട് റിപ്പോർട്ട് ചെയ്‌തു. സൂറിക്കിലേക്കുള്ള സർവീസ്, മാർച്ച് അവസാനത്തോടെ ഒമാൻ എയർ അവസാനിപ്പിക്കുകയാണെന്ന് ഏവിയേഷൻ ന്യുസ് പോർട്ടലിൽ വ്യക്തമാക്കുന്നു. പാരീസ്, ഫ്രാങ്ക്ഫർട്ട്, മ്യുണിക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും, ഇവിടേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.

സമ്മർ ഷെഡ്യുൾ ഡെസ്റ്റിനേഷനുകളിൽ സൂറിക് ഉൾപ്പെടുന്നില്ലെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എയർലൈൻസിന്റെ വെബ് സൈറ്റിൽ ഏപ്രിൽ മുതൽ സൂറിക്കിൽ നിന്നുള്ള കണക്ഷൻ നീക്കം ചെയ്തിട്ടുണ്ട്. ട്രാവൽ ഏജന്റുമാർക്കും, എയർ ടിക്കറ്റ് സെല്ലിങ് പോർട്ടലുകൾക്കും ഒമാൻ എയർ ടിക്കറ്റ് ഏപ്രിൽ മുതൽ സൂറിക്കിൽ നിന്നും ഇഷ്യു ചെയ്യാൻ നിലവിൽ സാദ്ധ്യവുമല്ല. സമ്മർ ഷെഡ്യുളിൽ സൂറിക്കിൽ നിന്നും കാലേക്കൂട്ടി ടിക്കറ്റ് എടുത്തവർക്ക്, പണം തിരികെ നൽകുകയോ, ഇതര എയർലൈനുകളുമായി സഹകരിച്ചു റീ റൂട്ട് ചെയ്യുകയോ ആയിരിക്കും ഒമാൻ എയർ ചെയ്യുക. നിലവിൽ സൂറിക്കിലേക്ക് ആഴ്ച്ചയിൽ നാല് സർവീസായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം ഫ്രാങ്ക്ഫർട്ടിലേക്കുള്ള പ്രതിദിന സർവീസ് ഏപ്രിൽ മുതൽ ആഴ്ച്ചയിൽ അഞ്ചായി കുറയുമെന്ന് ഏവിയേഷൻ ഡിറെക്ട് റിപോർട്ടിൽ പറയുന്നു. പാരിസിലേക്ക് ആഴ്ച്ചയിൽ ആറും, മ്യുണിക്കിലേക്ക് അഞ്ചും സർവീസുള്ളത്, രണ്ടിടത്തേക്കും നാലായി ചുരുങ്ങും. സർവീസുകളുടെ എണ്ണം കുറയ്ക്കുന്നതുകൂടാതെ, ചെറിയ എയർക്രാഫ്റ്റുകൾ യൂറോപ്യൻ സെക്ടറിലേക്ക് ഏപ്രിൽ മുതൽ അയയ്ക്കുന്നതിനാൽ സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും.