ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതിയാണ് അംഗീകാരം നൽകിയത്.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൊവാക്സീന് ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പാണ് കോവാക്സീന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.
അതേസമയം, നേരത്തെ കൊവാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിൽ നിന്നും ഒക്ടോബർ 18ന് സമിതി കൂടുതൽ വിശദീകരണം തേടിയിരുന്നു. കൊവാക്സിന് ലോകാരോഗ്യ സംഘടനാ അംഗീകാരം നൽകിയതോടെ, കൊവാക്സിൻ സ്വീകരിച്ചവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ തടസ്സങ്ങളുണ്ടാകില്ല.