മസ്കത്ത്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുക്മ് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു. ഒമാൻ സുൽത്താനും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദുക്മ് പ്രത്യേക സാമ്പത്തിക മേഖലയിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്.
ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷണൽ കമ്പനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ഒമാൻറെ മൊത്തം എണ്ണം ശുദ്ധീകരണ ശേഷി പ്രതിദിനം 500,000 ബാരലായി ഉയർത്താൻ കഴിയും.
ആധുനിക ഹൈഡ്രോകാർബൺ ക്രഷിങ്, കോക്കിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് റിഫൈനറി ഒരുക്കിയിരിക്കുന്നത്. ഈ മേഖലയെ തിരക്കേറിയ വ്യാവസായിക, സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായകമായ പങ്കുവഹിക്കും.
ഒമാൻറെ കിഴക്കൻ തീരത്തെ തന്ത്രപ്രധാനമായ സമുദ്രസ്ഥാനം പ്രയോജനപ്പെടുത്തി, ആഗോള വിപണികളിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ റിഫൈനറി ഒരു പ്രധാന ചാലകശക്തിയാകും. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസൽ, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ദുകം റിഫൈനറിയിൽ ഉല്പാദിപ്പിക്കുക.