മസ്കത്ത് :-ജാബിർ ബിൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഫുട്‍ബോൾ മത്സരത്തിന്റെ ഭാഗമായി കുട്ടികളുടെ കളറിംഗ് മത്സരം സോക്കർ ഫാൻസ് എഫ്സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മത്സരത്തിന് സോക്കർ ഫാൻസ് എഫ്സി ലേഡീസ് വിങ് ലാമിയ, ആയിഷ, ഷഹാന, ഹബീബ, ജിൻഷ, ആയിഷ ഹംന,നാദിയ എന്നിവർ നേതൃത്വം നൽകി.
5 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന സബ് ജൂനിയർ വിഭാഗവും 9 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന ജൂനിയർ വിഭാഗവുമായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. മത്സരങ്ങൾ മബേല ഇന്ത്യൻസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും സ്റ്റെൻസിൽ ആർട്ടിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ആലിയാ സിയാദ് ഉദ്ഘാടനം ചെയ്തു.
കളറിംഗ് മത്സരത്തിന്റെ വിധിനിർണയവും വിജയികൾക്കുള്ള സമ്മാനദാനവും ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് ആർട്ട് അധ്യാപകനായ സന്ദീപ് സന്താനം നിർവഹിച്ചു. സബ് ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം എലിസ മറിയം ഫിലിപ്പ്, രണ്ടാം സ്ഥാനം പ്രാണ പ്രശാന്ത്, മൂന്നാം സ്ഥാനം ഇശൽ അബ്ബാസ് എന്നിവർ സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം അകുൽ കൃഷ്ണ, രണ്ടാം സ്ഥാനം ഒമർ അൽ ഗാലിബ്, മൂന്നാം സ്ഥാനം മുഹമ്മദ് നാസിം മുനാസ് എന്നിവരും സ്വന്തമാക്കി.
ഇതിന് പുറമെ കുട്ടികൾക്ക് അറിവ് നൽകുംവിധം കായികമേഖല അടിസ്ഥാനമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരങ്ങളിൽ മുൻ നിരയിൽ എത്തിയവർക്ക് സമ്മാനങ്ങൾ നൽകികൊണ്ടാണ് സോക്കർ ഫാൻസ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ മത്സരങ്ങളും അവസാനിച്ചത്.