മസ്കറ്റ്: ഈ ഹജ്ജ് സീസണിൽ ഒമാനിൽ നിന്ന് പുണ്യഭൂമിയിലേക്കുള്ള തീർഥാടകർക്ക് എൻഡോവ്മെൻ്റ്, മതകാര്യ മന്ത്രാലയം സേവന ഫീസ് പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗമുള്ള തീർഥാടനത്തിന് 6,274.98 സൗദി റിയാലും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്കുള്ള തീർഥാടനത്തിന് 6,078.33 സൗദി റിയാലും ചെലവ് വരുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മദീനയിലേക്കോ മക്കയിലേക്കോ കരമാർഗമുള്ള തീർഥാടനത്തിന് ചെലവ് 4,613.23 സൗദി റിയാലാണെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻ്റ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ്, വിസ ഫീസ് എന്നിവ ചെലവുകളിൽ ഉൾപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഒമാനികൾ അല്ലാത്തവർക്ക് 300 സൗദി റിയാൽ ചെലവ് വരുമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.