മസ്കത്ത്:ഒമാനിലെ ശക്തമായ മഴയിൽ രണ്ട് കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തിയത്. മറ്റ് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ് ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും നിർദ്ദേശിച്ചു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീട്ടിൽനിന്നിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.