മസ്കത്ത്: പതിമൂന്നാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം സമാപിച്ചു. 17 ടീമുകളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുത്തിരുന്നത്. അഞ്ചു ദിവസം നീണ്ടുനിന്ന ടൂർ ഓഫ് ഒമാൻ സൈക്ലിങ് മത്സരത്തിൽ യു.എ.ഇ ടീമിനെ പ്രതിനിധീകരിച്ച ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആദം യേറ്റ്സ് ഈ വർഷത്തെ കിരീടം സ്വന്തമാക്കി. 14 മണിക്കൂറും 22 മിനിറ്റും 30 സെക്കൻഡും എടുത്ത് അഞ്ച് കഠിനമായ ഘട്ടങ്ങളിലൂടെ 670.7 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ആദം യേറ്റ്സ് വിജയത്തിലെത്തിയത്.
ആദ്യ നാല് ഘട്ടങ്ങളിൽ കലേബ് ഇവാൻ, ഫിൻ ഫിഷർ ബ്ലാക്ക്, പോൾ മാഗ്നീർ, ഫിൻ ഫിഷർ ബ്ലാക്ക് എന്നിവർ യഥാക്രമം വിജയികളായി. അഞ്ച് ദിവസങ്ങളിലായി 867 കിലോമീറ്റർ ദൂരമായിരുന്നു മത്സരാർഥികൾ താണ്ടേണ്ടിയിരുന്നത്. എന്നാൽ, രാജ്യത്തെ പ്രതികൂല കാലാവസ്ഥ കാരണം സ്റ്റേജ് മൂന്നിലേയും നാലിലേയും ദൂരം വെട്ടിചുരുക്കിയായിരുന്നു ഇത്തവണ മത്സരങ്ങൾ നടത്തിയത്. കനത്ത മഴയിലും വളരെ ആവേശത്തോടെയായിരുന്നു മത്സരാർഥികൾ പങ്കെടുത്തിരുന്നത്. ഒമാൻ കായികരംഗത്ത് പുത്തൻ ഏടുകൾ ചേർത്താണ് ടൂർ ഓഫ് ഒമാന് തീരശീല വീഴുന്നത്.