ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു: മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം വൈകാതെ പൂർത്തിയാകും

മസ്കത്ത്: ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മസ്കത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ നിർമിക്കുന്ന മെട്രോ ലൈനിന് 55 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയിലേക്കുള്ള കണക്റ്റിവിറ്റി ഉൾപ്പെടെ 42 പാസഞ്ചർ സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പഠനം പൂർത്തിയാക്കിയ ശേഷം മസ്‌കത്ത് മെട്രോയുടെ കാര്യത്തിൽ ഈ വർഷം തന്നെ തീരുമാനമുണ്ടാകുമെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മാവാലി പറഞ്ഞു.

പ്രധാന സ്ഥലങ്ങൾക്കിടയിൽ അതിവേഗ കണക്ഷനുകൾ നൽകി തലസ്ഥന നഗരിയിലെത്തുന്ന സന്ദർശകരുൾപ്പെടെയുള്ളവരുടെ യാത്ര സുഗമമാക്കുക, റോഡുകളിലെ തിരക്ക് കുറക്കുക, ഭാവിയിൽ റോഡുകൾ വികസിപ്പിക്കേണ്ടതിൻറെ ആവശ്യകത കുറക്കുക എന്നിവയുൾപ്പെടെ മസ്കത്ത് മെട്രോ പദ്ധതിയലൂടെ ലക്ഷ്യമിടുന്നുണ്ട്.