ചരിത്രരേഖ ശേഖരണ മേഖലയിൽ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഒമാനും

മസ്കത്ത്: ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും സഹകരണത്തിനൊരുങ്ങുന്നു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഒമാനിലെത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് ഇരുരാജ്യങ്ങളും ആർക്കെവ്സ് മേഖലയിൽ സഹകരണത്തിന് തീരുമാനമായത്.

ആർക്കൈവ് ഡയറക്ടർ ജനറൽ അരുൺ സിംഗൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സഞ്ജയ് ഗാർഗ്, ആർക്കൈവിസ്റ്റ് സദഫ് അക്തർ എന്നിവരടങ്ങുന്ന സംഘം ഒമാനിലെ നാഷണൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റി സന്ദർശിച്ചു. എൻ.ആർ.എ.എ ചെയർമാൻ ഡോ. ഹമദ് മുഹമ്മദ് അൽ ധവയാനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ, ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അരുൺ സിംഗാൾ സംസാരിച്ചു.

ഒമാനുമായി ബന്ധപ്പെട്ട എൻ.എ.ഐയിൽ ലഭ്യമായ തിരഞ്ഞെടുത്ത 70 രേഖകളുടെ പട്ടികയും അരുൺ സിംഗാൾ കൈമാറി. 1793 മുതൽ 1953 വരെയുള്ള കാലയളവിലെ വിവിധ വിഷയങ്ങളാണിതിലുള്ളത്. 523 പേജുള്ള രേഖകളുടെ പകർപ്പുകളും കൈമാറി.