മസ്കത്ത്: മസ്കത്ത്-റിയാദ് ബസ് സർവിസ് ഒമാനിൽ നിന്ന് ഉംറക്ക് പോകുന്ന തീർഥാടകർക്ക് അനുഗ്രഹമാവും. ആദ്യ യാത്രയിൽ റൂവിയിൽനിന്ന് പത്ത് പേരാണ് ബസിലുണ്ടായിരുന്നത്. ദമ്മാം വഴിയാണ് ബസ് റിയാദിലെത്തുക. എല്ലാ ദിവസവും ബസ് സർവിസ് ഉണ്ടാവും. റിയാദിലെ അസീസിയയിൽനിന്ന് വൈകീട്ട് അഞ്ചിനാണ് ബസ് തിരിച്ച് ഒമാനിലേക്ക് പുറപ്പെടുക. വൺവേക്ക് 35 റിയാലാണ് ബസ് സർവിസ് നടത്തുന്നവർ ഈടാക്കുന്നത്. ഒരു മാസത്തേക്ക് നിരക്കിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിൽ നിന്ന് റോഡ് മാർഗം ഉംറക്ക് പോകുന്നവർ റിയാദ് വഴിയാണ് യാത്ര പോവുന്നത്. ഇവിടെനിന്ന് മദീനയിലേക്ക് പോവുകയാണ് സാധാരണ ചെയ്യുന്നത്.
തിരിച്ച് വരുന്നവർ മക്കയിൽനിന്ന് റിയാദ് വഴിയാണ് ഒമാനിലെത്തുക. നിലവിൽ മക്കയിലേക്കും മദീനയിലേക്ക് പോവുന്നവരും റിയാദ് വഴിയാണ് കടന്നുപോവുന്നത്. അതിനാൽ ഗ്രൂപ്പിലല്ലാതെ ഉംറക്ക് പോവുന്നവർക്ക് ബസ് സർവിസ് വലിയ അനുഗ്രഹമാവും. ഒമാനിൽനിന്ന് സാമൂഹിക സംഘടനകളും ട്രാവൽ ഏജൻസികളും ഉംറ സർവിസുകൾ നടത്തുന്നുണ്ട്. ചില സംഘടനകൾ സേവനം എന്ന നിലയിൽ കുറഞ്ഞ നിരക്കിൽ ഉംറ സർവിസുകൾ നടത്തുന്നുണ്ട്. എന്നാൽ, ഇവയിൽ പലതും സീസണുകളിൽ മാത്രമാണുള്ളത്. റമദാൻ, ക്രിസ്മസ്, സ്കൂൾ അവധി തുടങ്ങിയ സീസണുകളിൽ മാത്രമാണ് ഉംറ സർവിസുകൾ നടത്തുന്നത്.