മസ്കത്ത്: ഓൺലൈൻ തട്ടപ്പുകൾ നടത്തിയ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘമാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. വൺ ടൈം പാസ്വേഡ് (ഒടിപി) അയച്ച് ആളുകളെ കബളിപ്പിച്ചാണ് സംഘം പണം തട്ടിയതെന്ന് ആർഒപി പ്രസ്താവനയിലൂടെ അറിയിച്ചു.
ഇത്തരത്തിലുള്ള തട്ടിപ്പുക്കാരെ കുറിച്ച് അധികൃതർ കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തിഗത വിവരങ്ങൾ, അക്കൗണ്ട് ഡീറ്റെയ്ൽസ് തുടങ്ങിയവ ഓൺലൈൻ വഴിയോ ഫോൺകോളുകളിലോ നൽകരുത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വീഴാതിരിക്കാൻ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പല രീതികളാണ് തട്ടിപ്പുകാർ അവലംബിക്കുന്നത്. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടെ പലർക്കും പണം നഷ്ടപ്പെട്ടിരുന്നു. അക്കൗണ്ട് അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് പാസ്വേഡുകൾ, എ ടി എം പിൻ, സെക്യൂരിറ്റി നമ്പറുകൾ (സി സി വി), പാസ്വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങളൊന്നും ഒരിക്കലും പങ്കിടരുതെന്ന് ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയും റോയൽ ഒമാൻ പൊലീസും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്ക് വിശദാംശങ്ങളുടെ അപ്ഡേറ്റുകൾ ആവശ്യപ്പെട്ട് ലഭിക്കുന്ന അജ്ഞാത കോളുകൾ റിപ്പോർട്ട് ചെയ്യാൻ പൊലീസ് വ്യക്തികളോട് അഭ്യർത്ഥിക്കുന്നു.