മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. വിനിമയ നിരക്ക് വർദ്ധിച്ച് റിയാലിന് 216.30 രൂപയിലെത്തി. മാർച്ച് 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ താഴ്ന്നിരുന്നു. ഡോളർ ശക്തി കുറഞ്ഞതായിരുന്നു അന്ന് രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. എന്നാൽ, ഏതാനും ദിവസമായി ഇന്ത്യൻ രൂപ തകർച്ച നേരിടുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് ഒരു ഡോളറിന് 83 രൂപയിലെത്തി. ഫെബ്രുവരി 20 ശേഷമുള്ള ഏറ്റവും മോശമായ ഇന്ത്യൻ രൂപയുടെ മൂല്യമാണിത്.
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ നിരവധി കാരണങ്ങളുണ്ട്. അസംസ്കൃത എണ്ണ വില വർധിച്ചതാണ് ഇതിൽ പ്രധാനം. കഴിഞ്ഞ രണ്ടുദിവസമായി അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഉയരുകയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച എണ്ണ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ 85.65 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില.
അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുകാരണം എല്ലാ ഏഷ്യൻ കറൻസികളും തകർച്ച നേരിടുന്നുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ച് ഡോളർ ഇൻഡക്സ് 104.4ൽ എത്തിയിരുന്നു. അടുത്തിടെ 34 പോയന്റ് വർധനയാണ് ഡോളർ ഇൻഡക്സിൽ ഉണ്ടായിരിക്കുന്നത്.