മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ 640 തടവുകാരെ മോചിപ്പിച്ചു. മാർച്ച് ആദ്യം ആരംഭിച്ച ഫാക് കുറുബയുടെ പതിനൊന്നാമത് പതിപ്പിന് സമാന ചിന്താഗതിക്കാരായ ആളുകളിൽനിന്ന് മികച്ച സംഭാവനകൾ ലഭിച്ചെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാനും ഫാക് കുർബ സംരംഭത്തിൻറെ സൂപ്പർവൈസറുമായ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്ജാലി പറഞ്ഞു.
കഴിഞ്ഞ ദിവസം അഹദ് ഫൗണ്ടേഷനും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള ഫൗണ്ടേഷൻറെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായം കൈമാറിയത്. ഒമാൻ ലോയേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിലാണ് ഫാക് കുറുബ പദ്ധതി നടപ്പാക്കുന്നത്. ഇതിനകം പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.