മസ്കത്ത്: ഗതാഗത അപകടങ്ങൾ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങൾക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങൾ പുറത്തിറക്കി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായക അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങൾ പുറത്തിറക്കിയത്.
ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഈ കൈപ്പുസ്തകങ്ങളുടെ പ്രസിദ്ധീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ട്രാഫിക് എൻജിനീയറിങ് ആൻഡ് ടെക്നിക്കൽ അഡ്വൈസർ എൻജിനീയർ ഫാത്തിമ ബിൻത് അബ്ദുല്ല അൽ റിയാമിയ പറഞ്ഞു.
ട്രാഫിക് സുരക്ഷ അവബോധം വർധിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് രീതികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്. റോഡ് ഉപയോക്താക്കളിലേക്ക് പുസ്തകം എത്തിക്കുന്നതിനായി വിവിധങ്ങളായ മാർഗങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഗൾഫ് ട്രാഫിക് വാരത്തിലെ ട്രാഫിക് സുരക്ഷാ എക്സിബിഷനുകളിലും ഗവർണറേറ്റുകളിലുടനീളമുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയും ഹാൻഡ്ബുക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഫാത്തിമ ചൂണ്ടിക്കാട്ടി.