ഗസ്സയിലെ കുട്ടികൾക്ക് സഹായവുമായി ഒമാൻ

മസ്കത്ത്: ഗസ്സയിലെ കുട്ടികൾക്ക് അവശ്യ സഹായം എത്തിക്കാനുള്ള യുനിസെഫിന്‍റെ ശ്രമങ്ങളിൽ ഒമാൻ നൽകിയ സംഭാവന നിർണായക പങ്ക് വഹിക്കും. തുടർച്ചയായുള്ള ഇസ്രായേൽ ബോബോക്രമണത്തിൽ ഫലസ്തീനിലെ കുട്ടികളുടെ മാനസികവും ശാരീരീകവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്.

പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക് നൽകാൻ സാധിക്കുന്നില്ല. കുട്ടികളോടുള്ള പ്രതിബദ്ധക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി പറഞ്ഞു.

ഫലസീനിലേക്ക് വിവിധ ഘട്ടങ്ങളിലായി ഒമാൻ അവശ്യ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്.

ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ വഴി ധനസഹായം കൈമാറി.