മസ്കറ്റ്: ഉപഭോക്ത്യ സേവനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ എയർ തന്ത്രപരമായ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദ്, ലാഹോർ (പാക്കിസ്ഥാൻ), ചിറ്റഗോംഗ് (ബംഗ്ലാദേശ്), കൊളംബോ (ശ്രീലങ്ക) എന്നീ നാല് റൂട്ടുകളിലെ സർവീസുകൾ ഏപ്രിൽ മുതൽ നിർത്തലാക്കി.
2027-ഓടെ, വിവിധ പദ്ധതികളിലൂടെ ലാഭം പരമാവധി വർദ്ധിപ്പിക്കാനും ഭാവിയിലെ വിപുലീകരണത്തിനായി എയർലൈനിനെ സജ്ജമാക്കാനും ഉദ്ദേശിക്കുന്നതാണ് പുതിയ പദ്ധതികൾ.
അതോടൊപ്പം ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഉറച്ച ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, തടസ്സങ്ങളില്ലാത്ത യാത്രാനുഭവം നൽകാനുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്ന, സേവന നിലവാരവും കൃത്യനിഷ്ഠയും ഉയർത്തുന്നതിനായി ഒമാൻ എയർ ഫ്ലൈറ്റ് സമയങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങുന്നു. കൂടാതെ, യാത്രക്കാർക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ആഗോള നെറ്റ്വർക്കിനുള്ളിൽ ലേഓവറുകൾ ചുരുക്കാനും എയർലൈൻ ലക്ഷ്യമിടുന്നു.
അടുത്തിടെ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ, ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രിയും ഒമാൻ എയർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സെയ്ദ് ബിൻ ഹമൂദ് അൽ മവാലി എയർലൈനിൻ്റെ പുതിയ പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.