ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ മുപ്പതാമത് ഹൈപ്പർമാർക്കറ്റ് മസ്കത്തിൽ തുറന്നു

മസ്കത്ത്: ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ പുതിയ ഹൈപ്പർ മാർക്കറ്റ് മസ്കത്തിനടുത്ത അൽ അൻസബിൽ പ്രവർത്തനം ആരംഭിച്ചു.

ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അബ്ദുള്ള അൽ റവാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്രിഗേഡിയർ ജനറൽ അലി ബിൻ സുലായെം അൽ ഫലാഹി, ബ്രിഗേഡിയർ ജമാൽ സായിദ് അൽ തായ്യി, ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്,
ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി, റോയൽ ഒമാൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

150,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായുള്ള ഷോപ്പിംഗ് കേന്ദ്രത്തിൽ ഹൈപ്പർ മാർക്കറ്റിനു പുറമെ അമ്യൂസ് മെൻ്റ് സെൻ്റർ, ബാങ്കുകൾ, റസ്റ്റോറൻ്റുകൾ, ഫാർമസി, ഫിറ്റ് നെസ് സെൻ്റർ, എക്സ്ചേഞ്ച് എന്നിവയുമുണ്ട്.

ഡയറ്റ് ഭക്ഷണശൈലിക്കാര്‍ക്കുള്ള ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഫ്രീ ഫ്രം ഫുഡ്‌സ് വിഭാഗം, പെറ്റ് ഫുഡ് വിഭാഗം, ഫ്രഷായി പാചകം ചെയ്ത സുഷി, ഗ്രില്‍ഡ് ഫിഷ് വിഭാഗം, പ്രീമിയം മീറ്റ് വിഭാഗം തുടങ്ങി ഇറക്കുമതി ചെയ്ത ഭക്ഷ്യോല്‍പന്നങ്ങളുടെ വിപുലമായ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഫ്രഷ് ഭക്ഷ്യഇനങ്ങളുടെയും ഫ്രഷ് ജൂസ്, ബേക്കഡ് ബ്രഡ് – കേക്ക് ഇനങ്ങളുടേയും അതിവിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലുലു ഫോര്‍ത്ത് കണക്ട് (ഡിജിറ്റല്‍ ആന്റ് ഇലക്ട്രോണിക്‌സ്), ബി.എല്‍.എസ്.എച്ച്, ഐ എക്‌സ്പ്രസ് കോസ്‌മെറ്റിക് ട്രെന്റുകളും സൗന്ദര്യസംവര്‍ധക വസ്തുക്കളും ഒപ്പം സജ്ജീകരിച്ചിട്ടുണ്ട്.

ഒമാനിൽ അൽ അൻസബിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഈ സുപ്രധാനമായ പദ്ധതി ഞങ്ങളെ ഏൽപ്പിച്ച റോയൽ ഒമാൻ പോലീസിനോടും ഗവണ്മെമെൻ്റിനോടും നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ള നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ഒമാനിലെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കും. അത് കൂടാതെ മസ്കത്തിലെ കസെയൻ എക്കണോമിക് സിറ്റിയിൽ അടുത്ത് വർഷം മധ്യത്തോടെ അത്യാധിനിക സൗകര്യങ്ങളോടു കൂടിയ ലോജിസ്റ്റിക്സ് സെൻ്ററും ആരംഭിക്കും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടു കൂടി കൂടുതൽ ഒമാനി പൗരന്മാർക്ക് കൂടുതൽ തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു.

ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖിൻ്റെ നേതൃത്വത്തിലുള്ള ഒമാൻ ഭരണകൂടം നിക്ഷേപകർക്ക് ഏറെ അനുയോജ്യമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇത് രാജ്യത്ത് കൂടുതൽ നിക്ഷേപം വരുവാനും അതുവഴി രാജ്യം രാജ്യം പുരോഗമനത്തിൻ്റെയും അഭിവൃദ്ധിയുടെയും പാതയിലേക്കാണ് പോകുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലുലു ഒമാൻ ഡയറക്ടർ ആനന്ദ് ഏ.വി, റീജിയണൽ ഡയറക്ടർ ഷബീർ കെ. എ. എന്നിവരും സംബന്ധിച്ചു.