ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഒമാനിൽ തുറന്നു

ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഒമാനിൽ പ്രവർത്തനമാരംഭിച്ചു. അൽ ഷർഖിയ ഗവർണ്ണറേറ്റിലെ ജലാൻ ബനി ബുആലിയിലാണ് ലുലുവിൻ്റെ ഒമാനിലെ 28-മത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. ജലാൻ ബനി ബു ആലി ഗവർണ്ണർ ശൈഖ് നയിഫ് ഹമൂദ് അൽ മാമ്രിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഒമാൻ്റെ കിഴക്കൻ പ്രദേശത്തെ അൽ ഷർഖിയ ഗവർണ്ണറേറ്റിലാണ് 130,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ്. ഒമാനിലെ പ്രമുഖ മായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ജലാൻ ബനി ബുആലി. ഒമാനിലെ പുതിയ ഹൈപ്പർമാർക്കറ്റ് ജലാൻ ബനി ബുആലിയിൽ ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അന്താരാഷ്ട് നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂവായിരത്തിലധികം ഒമാനികളാണ് ലുലു ഗ്രൂപ്പിലുള്ളത്. ഒമാനികൾക്ക് തൊഴിൽ നൽകുന്ന സ്വകാര്യ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കൂടുതൽ ഹൈപർമാർകറ്റുകൾ ആരംഭിക്കുന്നതോടൊപ്പം കൂടുതൽ സ്വദേശികൾക്ക് ജോലി നൽകാൻ സാധിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഒമാൻ ദേശിയ ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് തയ്യാറക്കിയ വീഡിയോ ഗാനത്തിൻ്റെ പ്രകാശനവും ചടങ്ങിൽ നടത്തി. ലുലു ഒമാൻ ഡയറക്ടർ ഏ.വി. ആനന്ദ്, റീജിയണൽ ഡയറക്ടർ കെ.എ. ഷബീർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.