കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി നിർണായക എൻഡിഎ യോഗം ഇന്ന് നടക്കും. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാർട്ടികൾ മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി.
സർക്കാർ രൂപീകരണ സാധ്യതകൾ കോൺഗ്രസും തള്ളിയിട്ടില്ല. എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സർക്കാർ രൂപീകരണ ചർച്ചകൾ തുടരാനാണ് ഇൻഡ്യ സഖ്യത്തിൻ്റെ നീക്കം. ഇന്ന് നടക്കുന്ന സഖ്യ യോഗത്തിൽ തീരുമാനം ഉണ്ടാകും എന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഉത്തർ പ്രദേശിലെ ജനങ്ങൾ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയർന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുൽ ഗാന്ധി അമേഠിയിലെ കെ എൽ ശർമ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഏത് മണ്ഡലം നിലനിർത്തും എന്നതിൽ തീരുമാനം പിന്നീട് എടുക്കും.