ജി.സി.സി. യിൽ നിന്നുള്ള സഞ്ചാരികളുടെ സൗകര്യാർത്ഥം സലാലയിലേക്ക് നേരിട്ട് വിമാന സർവീസുകൾ

ഖരീഫ് ആഘോഷങ്ങളിലേക്ക് ഇത്തവണയും ധാരാളം സഞ്ചാരികളെ ജി.സി.സി. യിൽ നിന്നും സംഘാടകർ പ്രതീക്ഷിക്കുന്നു. ഖരീഫ് സീസണിന് മുന്നോടിയായി വിവിധ വിമാനക്കമ്പനികൾ സലാലയിലേക്ക് സർവീസുകൾ തുടങ്ങിയിട്ടുണ്ട്.

ആദ്യ നേരിട്ടുള്ള വിമാനം സലാല എയർപോർട്ടിൽ ദിവസങ്ങൾക്കു മുമ്പെത്തിയിരുന്നു. 220 വിനോദസഞ്ചാരികളുമായി കുവൈത് എയർവെയ്‌സ് ആണ് സലാലയിൽ ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. ഖരീഫ് സീസണിൽ കുവൈത് എയർവേസ് കുവൈത് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും സലാല എയർപോർട്ടിനുംമിടയിൽ ആഴ്ചയിൽ നാല് ഫ്‌ളൈറ്റുകൾ സർവീസ് നടത്തും. ഒക്ടോബര് അവസാനംവരെ ഇത് തുടരും.

ഖരീഫ്, ദോഫാർ, സീസണിന്റെ തുടക്കത്തോടെ ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ള മറ്റ് നിരവധി വിമാനക്കമ്പനികളുടെ സർവീസുകൾ ആരംഭിക്കുന്നതിന്റെ സൂചനയാണ് ഈ വിമാനം സനല്കുന്നത് എന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സക്കറിയ ബിൻ യാക്കൂബ് അൽ ഹറാസി പറഞ്ഞു. വിവിധ ഷെഡ്യൂളുകളനുസരിച്ച് ഈ സീസണിലെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒമാൻ എയർപോർട്സ് അധികൃതർ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഹറാസി കൂട്ടിച്ചേർത്തു.

റിയാദിൽ നിന്ന് നാല്, ദമ്മാമിൽ നിന്ന് മൂന്ന്, ജിദ്ധയിൽ നിന്ന് മൂന്ന്, എന്നിങ്ങനെ സൗദി അറേബ്യയിലെ മൂന്നു പ്രധാന നഗരങ്ങളിൽ നിന്ന് ആഴ്ചയിൽ പത്ത് ഫ്‌ളൈറ്റുകളാണ് ഫ്ലൈനാസ് സലാലയിലേക്ക് സർവീസ് നടത്തുക. ജസീറ എയർവേസ് കുവൈത്തിൽ നിന്ന് സലാലയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ സർവീ്സുകൾ നേരിട്ട് നടത്തും. ഒമാന്റെ ബജറ്റ് വിമാന സർവീസ് സലാം എയർ ബാഗ്ദാദ് ബഹ്‌റൈൻ യു.എ.ഇ – യിലെ ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് ആഴ്ചതോറും സലാല എയർപോർട്ടിലേക്ക് സർവീസ് നടത്തും.