ഉച്ചവിശ്രമനിയമം: ഫീൽഡ് സന്ദർശനം ഊർജ്ജിതമാക്കി തൊഴിൽ മന്ത്രാലയം

മസ്‌ക്കറ്റിൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട് 49 കേസ്സുകൾ റിപ്പോർട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. തിളച്ചുരുകുന്ന വെയിലിൽ തൊഴിലാളികൾക്ക് ആശ്വാസമേകാനുള്ള നിയമം പ്രാബല്യത്തിൽ വന്ന് ഒരുമാസത്തിനിടെയാണ് ഇത്തരം നിയമലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു. തലസ്ഥാന നഗരിയിൽ തൊഴിൽ മന്ത്രാലയ അധികൃതർ 143 ഫീൽഡ് സന്ദർശനങ്ങളും തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 72 ബോധവൽക്കരണ സെഷനുകളും നടത്തി.

വടക്കൻ ബാത്തിനയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 54 ഫീൽഡ് സന്ദർവശനങ്ങളും 17 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ദാഖിലിയയിൽ 24 ഫീൽഡ് സന്ദർശനങ്ങളും നടത്തി. 147 ബോധവൽക്കരണ പരിപാടികളും ഒരുക്കി.

മുസന്തത്ത് നടത്തിയ 45 ഫീൽഡ് സന്ദർശനത്തിൽ 15 കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം പിഴ ചുമത്തി.

ഉച്ചവിശ്രമ വേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്.

ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകിയത്.

ഈ നിയമം ലംഘിച്ചാൽ 500 റിയാലിൽ കുറയാത്തതും 1000 റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും. ഉച്ച സമയത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118 ലെ വ്യവസ്ഥകളനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും.

നിലവിൽ രാജ്യത്ത് പലയിടത്തും 50നു അടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.