ദോഫാർ ഗവർണറേറ്റിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വാഹനമോടിച്ചെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായി ചാറ്റൽമഴ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് പർവതനിരകളിലടക്കം മൂടൽമഞ്ഞിന് ഇടയാക്കുന്നത്. മഴയും മൂടൽ മഞ്ഞും പൊടിപടലങ്ങളും കാരണം ദൃശ്യപരത കുറഞ്ഞതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽ മഞ്ഞുള്ള സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. സുരക്ഷാ നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസും രംഗത്തുണ്ട്. ഖരീഫ് സഞ്ചാരികളിൽ അധികപേരും ദോഫാറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം 75.1 ശതമാനം സഞ്ചാരികളും റോഡ് മാർഗമായിരുന്നു എത്തിയിരുന്നത്. 2019ൽ 610,491ഉം 2022ൽ 647,301 ആണ് ഇത് യഥാക്രമം. ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോഴും തയാറാക്കുമ്പോഴും മികച്ച മുന്നൊരുക്കം വേണമെന്ന് റോഡ് സുരക്ഷ മേഖലയിലുള്ളവർ പറയുന്നു.