പുതിയ നിയമം വർഷംതോറും വർധിച്ചുവരുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഏറെ സഹായകമാവുമെന്ന് ഒമാൻ പരിസ്ഥിതി അതോറിട്ടി ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അമ്രി പറഞ്ഞു.
പുനർചംക്രമണ പരിപാടി നടപ്പാക്കുന്നതിന് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം പ്രധാനമായും മാലിന്യങ്ങളുടെ പുനർ ചംക്രമണ പദ്ധതിക്കാണ് മുൻഗണന നൽകുന്നത്. ഇതായിരിക്കും പുതിയ നയത്തിന്റെ അടിത്തറ.
മാലിന്യത്തെ തരംതിരിക്കൽ അടക്കമുള്ളവ ഇതിലുൾപ്പെടും. മാലിന്യങ്ങൾ കുറക്കുക, പുനർചംക്രമണത്തിന് മുൻപ് തന്നെ വീണ്ടും ഉപയോഗിക്കുക എന്നിവ ഇതിലുൾപ്പെടും. പുനർ ചംക്രമണം ഇല്ലാതെ തന്നെ മാലിന്യങ്ങൾ കുറക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
മാലിന്യ സംസ്കരണത്തിൽ പങ്കാളികളാകുന്നവർക്ക് നിർദ്ദേശം നൽകലും പദ്ധതിയിൽ ഉൾപ്പെടും. മാലിന്യങ്ങൾ പ്രാദേശികമായി ഉപയോഗപ്പെടുത്താൻ വേണ്ടി മാലിന്യ കയറ്റുമതിക്ക് താരിഫുകൾ നിശ്ചയിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. നിലവിലെ മാലിന്യ കയറ്റുമതിക്കുള്ള നിരക്കുകൾ പ്രാദേശിക പുനർചംക്രമണത്തിന് പ്രോത്സാഹനം നൽകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മാലിന്യങ്ങൾ ശേഖരിക്കുന്നവർ അവ പ്രാദേശിക ഫാക്ടറികൾക്ക് കൈമാറുന്ന പ്രവണത ഉണ്ടാക്കിയിട്ടുണ്ട്. ഇത് പുനർചംക്രമണ മേഖലയിൽ നിക്ഷേപം ഇറക്കുന്നവർക്ക് കൂടുതൽ സൗകര്യമായിട്ടുണ്ട്. കാർബൺഡൈ ഓക്സയിഡ് ബഹിർഗമനം തടയാനായി അൽ വുസ്ത ഗവർണറേറ്റിൽ 100 ദശലക്ഷം കണ്ടൽ ചെടികൾ വച്ച് പിടിപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
അതോടൊപ്പം അന്തരീക്ഷത്തിൽ അടങ്ങിയ കാർബൺഡൈ ഓക്സൈട് അംശം കുറക്കുന്നതിനുള്ള മറ്റ് പദ്ധതികളും നടപ്പാക്കുന്നുണ്ട്. യു.എൻ. കണക്ക് പ്രകാരം ഏഴ് ശതമാനം അന്തരീക്ഷ മാലിന്ന്യം കുറക്കാൻ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇത് 14 ശതമാനമാണ്. ഒമാന്റെ അന്തരീക്ഷ മലിനീകരണം തടയാനുള്ള ശ്രമങ്ങൾ രാജ്യത്തിന് മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വലിയ സംഭവാനയാണ്.