
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെയോ മറ്റോ സഹായമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കുമ്പോഴും ഒമാനിൽനിന്ന് പുറത്തേക്ക് പോകുമ്പോഴുമുണ്ടാകുന്ന നടപടിക്രമങ്ങളും യാത്രാ രേഖകളുടെ പരിശോധനയും വേഗത്തിലായിട്ടുണ്ട്. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിമാനത്താവളങ്ങളിലെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചത്.
യാത്രക്കാർക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ സേവനം സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മസ്കത്ത് വിമാനത്താവള അധികൃതർ പറഞ്ഞു. യാത്രക്കാർക്ക് സ്വന്തമായി തന്നെ യാത്രാ രേഖകൾ റെക്കോഡ് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്.