പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിൻറെ ഭാഗമായി അംഗീകൃത രൂപകൽപന മാതൃകയോടെ നിർമിച്ച കർവ ബസുകൾ ഈ അധ്യയന വർഷത്തിൻറെ തുടക്കത്തിൽ തന്നെ സർവിസ് ആരംഭിക്കുമെന്നും, അടുത്ത അഞ്ചു വർഷത്തേക്ക് പദ്ധതി തുടരുമെന്നും കർവ കമ്പനി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഗവൺമെൻറ് സ്കൂളുകൾക്കായി അത്യാധുനിക സുരക്ഷ സംവിധാനങ്ങളടങ്ങിയ ബസുകൾ നിർമിക്കാൻ കഴിഞ്ഞ വർഷമാണ് കർവ മോട്ടോഴ്സ് വിദ്യാഭ്യാസ മന്ത്രാലമായും, ഒമാൻ വികസന ബാങ്കുമായും കരാർ ഒപ്പിട്ടത്.
ധാരണ പ്രകാരം പഴയ വാഹനങ്ങൾക്ക് പകരം പ്രതിവർഷം 1000 ബസുകൾ നിർമിക്കാനാണ് കർവ മോട്ടോഴ്സിനുള്ള നിർദേശം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സേഫ്റ്റി പാത്ത് അടക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ബസുകളാണ് കർവ പുറത്തിറക്കുന്നത്. 23 വിദ്യാർഥികൾ ഉൾക്കൊള്ളുന്നതാണ് ബസുകൾ.