ഒമാനിൽ 13 തൊഴിലുകളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിക്കൊണ്ടുള്ള തൊഴിൽ മന്ത്രാലയ തല തീരുമാനം തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ.
നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിലും കാര്യമായി വിദേശികൾ മാത്രമാണ് ജോലിചെയ്യുന്നത്. ആറ് മാസക്കാലത്തേക്കായിരുന്നു വർക് പെർമിറ്റ് നിരോധം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ആറ് മാസത്തേക്കാണ് നിയന്ത്രണമെങ്കിലും അത് വീണ്ടും തുടരാനാണ് സാധ്യതയെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ടെവരും വിദഗ്ധരും വിലയിരുത്തുന്നത്.
ഇപ്പോൾ താത്കാലിക നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിൽ വിദേശികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ് കൂടുതൽ നിയമലംഘനം നടത്തുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആറ് മാസക്കാലത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം നിലവിലുള്ളത്.
അതിനാൽ പേടിക്കേണ്ടതില്ലെന്നാണ് പ്രവാസികൾ പറയുന്നത്. എന്നാൽ നിയന്ത്രണം നീണ്ടു പോവുന്നത് യുവ തലമുറയെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുമെന്നും പ്രവാസികൾ പറയുന്നു. നിയമം നിലവിലുണ്ടാവുമ്പോൾ പ്രായമായവരെ മാറ്റി പുതിയവരെ മേഖലയിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നും ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നവരുണ്ട്.