ഹൈമയിൽ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് ഇന്നലെ രാത്രി ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ചത്. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ബന്ധുക്കളും സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് പോകുമ്പോൾ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

ബന്ധുക്കൾ വിസിറ്റിംഗ് വിസയിൽ ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു. ഇവരുടെ മൃതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.