ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

മസ്കത്ത്: ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ് അൽ മുധൈബി ഗവർണർ ശൈഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.

40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി, സ്‌റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിട്ടുണ്ട്.

ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറക്കാൻ സാധിച്ചതിൽ ലുലു ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും ഇതിനവസരം നൽകിയ ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി പറഞ്ഞു. നഗരകേന്ദ്രങ്ങളിൽ മാത്രമല്ല നഗരപ്രാന്തപ്രദേശങ്ങളിലും മറ്റു പട്ടങ്ങളിലും ലുലു ഗ്രൂപ്പ് സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതൽ ഒമാൻ പ്രദേശങ്ങളിൽ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

“രണ്ടു വർഷത്തിനുള്ളിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ലുലു ഒമാനിൽ തുറക്കുമെന്നും, ഇതിലൂടെ സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, അടുത്ത വർഷത്തോടെ വരാനിരിക്കുന്ന ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സംഭരണവിൽപന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അൽ മുധൈബി ഗവർണർ ഒമാനിലെ സുറിൽ നിർമ്മിച്ച ബോട്ടിൻ്റെ മാതൃക യൂസഫലിക്ക് സമ്മാനിച്ചു. ഒമാനിലെ പ്രമുഖ തുറമുഖ പട്ടണമായ സുറിന് പാരമ്പര്യ ബോട്ട് നിർമ്മാണത്തിൽ പ്രമുഖമായ സ്ഥാനമാണുള്ളത്.

ലുലു ഒമാൻ ഡയറക്ടർ അനന്ത് എ.വി, ഷബീർ കെ.എ, ലുലു ഒമാൻ റീജണൽ ഡയറക്ടർ ഷബീർ കെ.എ. മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.