
മസ്‌കത്ത്: മുസന്ദം വിന്റർ സീസണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. മസ്‌കത്തിലെ ഡബ്ല്യു ഹോട്ടലിൽ നടന്ന എക്സ്‌ക്ലൂസീവ് ഹൈ-പ്രൊഫൈൽ ഇവന്റിലാണ് മുസന്ദം ഗവർണർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ മാസത്തിലാണ് മുസന്ദം വിന്റർ സീസൺ ആരംഭിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ മാസം വരെ മുസന്ദം വിന്റർ സീസണിന്റെ മൂന്നാം പതിപ്പ് തുടരും. ഡബ്ല്യു ഹോട്ടലിൽ നടന്ന എലൈറ്റ് സമ്മേളനത്തിൽ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ബിസിനസ്സ് നേതാക്കൾ തുടങ്ങിയവരും വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇത്തവണത്തെ മുസന്ദം വിന്റർ മുൻ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നാണ് പ്രഖ്യാപനം. ഈ സമ്മേളനത്തിനിടെ നിരവധി കരാറുകളിൽ മുസന്ദം ഗവർണർ ഒപ്പുവെച്ചിട്ടുണ്ട്. മുസന്ദം വിന്ററിന്റെ ഔദ്യോഗിക ഒരുക്കങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മുസന്ദത്തെ മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് മുസന്ദം വിന്റർ സീസൺ മൂന്നാം പതിപ്പിനായുള്ള ഒരുക്കങ്ങൾ നടത്തുക.
ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി മുസന്ദം ഗവർണറേറ്റ്, എസ്എംഇ അതോറിറ്റി എന്നിങ്ങനെ ഒമാനിലെ ചില പ്രമുഖ സ്ഥാപനങ്ങളുമായും കമ്പനികളുമായും മുസന്ദം ഗവർണർ കരാറിലേർപ്പെട്ടിട്ടുണ്ട്. ഒമാൻ ഫുട്‌ബോൾ അസോസിയേഷൻ, ഒക്യു ഇപി, ഒമ്രാൻ ഗ്രൂപ്പ്, നാമ ഗ്രൂപ്പ്, ഒമാൻടെൽ, വോഡഫോൺ, ഒമാൻ ഡെവലപ്മെന്റ് ബാങ്ക്, ഗേറ്റ് 10, എംഎഎസ് വെഞ്ചേഴ്സ്, ഹാല എഫ്എം, മുബാഷിർ തുടങ്ങിയവയുമായും കരാറുണ്ട്. ഒരു വിനോദസഞ്ചാര കേന്ദ്രമായി മുസന്ദത്തിന്റെ പ്രൊഫൈൽ ഉയർത്തുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തം വഹിക്കുന്ന നിർണായക പങ്കാണ് ഈ കരാറുകൾ ഉയർത്തിക്കാട്ടുന്നത്.
മുസന്ദം വിന്റർ സീസണിലെ പങ്കാളിത്തത്തിലൂടെ മുസന്ദം ഗവർണറേറ്റിലെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകാനുള്ള അവസരമാണ് കമ്പനികൾക്ക് ലഭിക്കുന്നത്.