ഗ്രീൻ മൊബിലിറ്റി; ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ 300 ശതമാനം വർദ്ധന

മസ്‌കത്ത്: ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 300 ശതമാനം വർദ്ധനവാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2023 ൽ ഒമാനിൽ 550 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, 2024 ൽ ഇത് 1500 ആയി ഉയർന്നു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖിയാണ് ഇക്കാര്യം അറിയിച്ചത്.

ഒമാന്റെ സുസ്ഥിര വികസന അജണ്ടയിൽ ഗ്രീൻ മൊബിലിറ്റിയാണ് പ്രധാനമെന്ന് ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഗ്രീൻ മൊബിലിറ്റി 2050 എന്ന കാഴ്ച്ചപ്പാട് സാക്ഷാത്ക്കരിക്കുന്നതിനായി സുപ്രധാന നടപടികളാണ് ഒമാൻ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മന്ത്രാലയം, സ്വകാര്യ മേഖലയുമായി സഹകരിച്ച്, 2023 ൽ ഇലക്ട്രിക് വാഹനങ്ങൾക്കായി 120 ലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചു. ഈ വർഷാവസാനത്തോടെ 200ൽ അധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനും 2027-ഓടെ 350 ലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ തുറമുഖ ഉപകരണങ്ങൾ വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന തരത്തിൽ പരിവർത്തനം ചെയ്യുന്നതിനും വിമാനത്താവളങ്ങളെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതിനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ഗ്രീൻ മൊബിലിറ്റി മേഖലയിൽ നിരവധി പ്രാദേശിക സംരംഭങ്ങൾ നടപ്പിലാക്കി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ദിബ്ബ-ലിമ-ഖസബ് റോഡ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംരംഭം ഉൾപ്പെടെ ഇതിന് ഉദാഹരണമാണ്. ഭക്ഷണ വിതരണത്തിൽ ഇലക്ട്രിക് സൈക്കിളുകൾ സജീവമാക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ്, ഗ്രീൻ ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രക്കുകൾക്കായി ഗ്രീൻ കോറിഡോർ പ്രോജക്റ്റ് തുടങ്ങിയവയും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.