
റിയാദ്: സൗദിയുടെ 94-ാം ദേശീയ ദിനം ഇന്ന്. ദേശീയ ദിനത്തിന്റെ ഭാഗമായി വലിയ ആഘോഷങ്ങളാണ് സൗദിയിൽ അരങ്ങേറുന്നത്. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഒമാനിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സൗദിയും ഒമാനും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധമാണ് പുലർത്തുന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ, നവീകരണം, ഊർജം, പുനരുപയോഗ ഊർജം, വ്യാവസായിക പദ്ധതികൾ, ഉൽപ്പാദനം, ആരോഗ്യ മേഖല, ഫാർമസ്യൂട്ടിക്കൽ, മെഡിസിൻ വ്യവസായങ്ങൾ, റിയൽ എസ്റ്റേറ്റ് വികസനം, ടൂറിസം, പെട്രോകെമിക്കൽസ്, വിതരണ ശൃംഖലകൾ, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പരസ്പര നിക്ഷേപം വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.
ഒമാനി സൗദി കോർഡിനേഷൻ കൗൺസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തിരുന്നു. ഒമാൻ-സൗദി ബിസിനസ് കൗൺസിൽ വാണിജ്യ നിക്ഷേപത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വാണിജ്യ സഹകരണവും വർധിപ്പിക്കുകയും നിക്ഷേപ അവസരങ്ങൾ ഉയർത്തുകയും ചെയ്യാനും കൗൺസിൽ സഹായിക്കുന്നു. മസ്‌കത്തിലാണ് കൗൺസിലിന്റെ ആദ്യ സമ്മേളനം നടന്നത്.