ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചു; ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി

മസ്കത്ത്: ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി. വിമാനത്തിൽ 183 വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്.

ടൂറിസ്റ്റുകൾക്കായി താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ആണ് അധികൃതർ പദ്ധതിയിടുന്നത്. ജബൽ സംഹാനിലെ ഹേവാർ ഗുഹ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിലും സാഹസിക ടൂറിസം സൈറ്റുകൾ നവീകരിക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും, റിയാദ കാർഡുടമകൾക്കും അൽ വലദ് ആർക്കിയോളജിക്കൽ പാർക്കിൽ പുരാവസ്തുക്കളും ഗിഫ്റ്റുകളും കരകൗശല വസ്തുക്കളും വിൽപ്പന നടത്തുന്നതിനായി ഇടം കൊടുക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.

കഴിഞ്ഞ വർഷം ശൈത്യകാലത്ത് ദോഫാറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 18.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായാണ് പ്രത്യേക ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 239 ചാർട്ട് വിമാനങ്ങൾ ആണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി സലാല വിമാനത്താവളത്തിൽ എത്തിയത്.