പൊതുഗതാഗത വികസനത്തിനാണ് പ്രധാന പരിഗണന; മസ്‌കത്ത്

മസ്‌കത്ത്: തലസ്ഥാന മേഖലയിലെ പൊതുഗതാഗത വികസനത്തിനാണ് പ്രധാന പരിഗണനയെന്ന് 2040 വിഷൻ ഇമ്പ്‌ളിമെന്റേഷൻ ഫോളോ യൂണിറ്റ് വാർഷിക റിപ്പോർട്ട്. മസ്‌കത്ത് മെട്രോ ഉപ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് മുൻഗണന. പൊതു ഗതാഗതം, ഇലക്ട്രിക് വാഹനങ്ങൾ, ഗതാഗത മേഖലയുടെ മറ്റ് ക്രമീകരണങ്ങൾ തുടങ്ങിയവയിൽ ഊന്നിയാണ് ഗതാഗത ആശയവിനിമയ വിവരസാങ്കേതിക മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഗതാഗത കുതിപ്പിന് സഹായമേകുന്ന മസ്‌ക്കത്ത് മെട്രോയുടെ മുൻകൂർ സാധ്യതാ പഠനം ഈ വർഷം പൂർത്തിയാകുമെന്ന് ഗതാഗത, വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മസ്‌കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോ നടപ്പിലാക്കുന്നത്.

രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണ്. മികച്ച സംവിധാനം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ കടുത്ത തിരക്കും യാത്രയ്ക്കായി കൂടുതൽ സമയവും ചെലവഴിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.