ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെൻറിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന അദ്ദേഹത്തിന് രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങൾ ആദരിച്ചിട്ടുണ്ട്. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയുടെ മൃതദേഹം സംസ്‌കരിക്കും. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണൽ സെൻറർ ഫോർ പെർഫോമിംഗ് ആർട്സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ര
അതേസമയം, രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.